തൃശൂര്‍: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ കോലഴി പഞ്ചായത്ത് പ്രസിഡന്റ് എന്‍.എ സാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാറാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയോട് അന്വേഷണോദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് വിയ്യൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. പരാതിക്കാരന്റെ മകള്‍ക്കും, മകനും ജോലി വാഗ്ദാനം ചെയ്ത് 27.5 ലക്ഷം രൂപ വാങ്ങിയെന്നും, പിന്നീട് ജോലിയും പണവും തിരികെ നല്‍കാതെ വഞ്ചിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. തുടര്‍ന്ന് വിയ്യൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സാബു സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.പി അജയകുമാര്‍ ഹാജരായി.
