ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി വി.ഡി സതീശന്.
മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി ഡി സതീശന് പറഞ്ഞു. സതീശന്റെ നിര്‍ദേശപ്രകാരമാണ് യൂത്ത് കോണ്‍ഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിന് മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വെയ്ക്കാന്‍ പറയലല്ല തന്റെ ജോലിയെന്നും സതീശന് മറുപടി നല്കി.
തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാന്‍ വന്നവര്‍ക്കെതിരെയാണെന്നും സതീശന് കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരോഗ്യമേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശന് ഉറപ്പുനല്‍കി. ആരോഗ്യ മേഖലയില്‍ സിസ്റ്റം തകര്‍ന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കല്‍ കോളേജുകളില്‍ ചെന്നാല്‍ റിവേഴ്സ് റഫറന്‍സ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോള്‍ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശന് പറഞ്ഞു.
