“പെൺപാട്ടു താരകൾ – മലയാളചലച്ചിത്രഗാനങ്ങളിലെ പെണ്ണാവിഷ്കാരങ്ങൾ” എന്ന പുസ്തകത്തിന് 2024ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരവും കേരള ഫിലിം ക്രിട്ടിക്സ് അവാർഡും തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റി പുരസ്കാരവും ലഭിച്ച സി എസ് മീനാക്ഷിയെ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് ഓൾഡ് സ്റ്റുഡൻറ്സ് അസ്സോസിയേഷൻ (ടെക്കോസ) അനുമോദിച്ചു.
തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 1984ൽ സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ മീനാക്ഷി, നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതും ഭൂപടനിർമ്മാണത്തെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെതുമായ ഭൗമചാപം (2016), പി ഭാസ്കരൻ – അൻപേന്തിയ വില്ലാളി (2025) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ടെക്കോസ പ്രസിഡണ്ട് കെ രാമകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്ഥാപക പ്രസിഡണ്ടും പ്രശസ്ത നടനുമായ ടി ജി രവി ബഹുമതി പത്രം സമർപ്പിച്ചു. ശാസ്ത്രം, സാഹിത്യം, സംഗീതം, ചരിത്രം തുടങ്ങി തികച്ചും വ്യത്യസ്തങ്ങളായ മേഖലകളിൽ പഠന, നിരീക്ഷണങ്ങൾ തുടരുന്ന മീനാക്ഷി വേറിട്ട് നിൽക്കുന്ന ഒരു പ്രതിഭയാണെന്ന് ടി ജി രവി പറഞ്ഞു.
രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നൂതനമായൊരു ചിന്താലോകം കേരളീയ സമൂഹത്തിന് മുമ്പിൽ തുറന്നിടുന്നതുവഴി തൃശ്ശൂർ ഗവ എഞ്ചിനീയറിംഗ് കോളേജിൻ്റെ യശസ്സ്, സാങ്കേതിക മേഖലയ്ക്കുമപ്പുറം ഉയർത്തുന്ന മീനാക്ഷിയ്ക്ക് അദ്ദേഹം അനുമോദനങ്ങളും ആശംസകളും നേർന്നു.
സ്ഥാപക സെക്രട്ടറി ആർ കെ രവി ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ സെക്രട്ടറി എൻ ഐ വർഗ്ഗീസ് സ്വാഗതവും ട്രഷറർ സി ജി രവീന്ദ്രനാഥൻ നന്ദിയും പറഞ്ഞു. എം ഹരിദാസ്, സിസ്റ്റർ ജെസ്മി, അലക്സാണ്ടർ സാം, രേഖ കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച “പി ഭാസ്കരൻ സംഗീത സന്ധ്യ” അരങ്ങേറി.
