ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ തിരുവെങ്കിടം നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി തിരുവെങ്കിടം അടിപ്പാത നിര്‍മാണത്തിന് റെയില്‍വേ ടെണ്ടര്‍ ക്ഷണിച്ചതായി എന്‍.കെ അക്ബര്‍ എം.എല്‍.എ അറിയിച്ചു.
തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സെന്റേജ് ചാര്‍ജ് ഇനത്തില്‍ ഗുരുവായൂര്‍ നഗരസഭ ഏഴ് ലക്ഷം രൂപ റെയില്‍വേക്ക് ഡിപ്പോസിറ്റ് ചെയ്ത് റെയില്‍വേ മുഖേന ഡി.പി.ആര് തയാറാക്കുകയും സംസ്ഥാന ബജറ്റില്‍ നാല് കോടി രൂപ വകയിരുത്തി റെയില്‍വേ അനുമതിയോടെ കെ റെയിലിനെ നിര്‍വഹണ ഏജന്‍സിയായി ചുമതലപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് അടിപ്പാത നിര്‍മ്മാണത്തിന് നഗരസഭ റോഡ് വീതി കൂട്ടണമെന്ന് റെയില്‍വേ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ഒമ്പത് സെന്റോളം ഭൂമി വിട്ടു നല്കാന് തയ്യാറാകുകയും രണ്ട് സെന്റ് സ്വകാര്യ വ്യക്തിയുടെ സ്ഥലം അക്വയര്‍ ചെയ്യുന്നതിന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ആര്.വി ബാബു ഹൈക്കോടതിയെ സമീപിച്ചു.
ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി അടിപ്പാത നിര്‍മ്മാണം തടയാന്‍ ശ്രമിക്കുകയും ചെയ്തതോടെ തിരുവെങ്കിടം അടിപ്പാത നിര്‍മാണം പ്രതിസന്ധിയിലായി. തുടര്‍ന്ന് റെയില്‍വേയുമായി നടത്തിയ ചര്‍ച്ചയില്‍ റോഡ് വീതി കൂട്ടാതെ തന്നെ അടിപ്പാത നിര്‍മ്മിക്കാമെന്ന് സമ്മതിക്കുകയും റെയില്‍വേയുടെ പുതിയ പോളിസി പ്രകാരം അടിപ്പാത നിര്‍മാണത്തിനുള്ള മുഴുവന്‍ തുകയും റെയില്‍വേ വഹിക്കാമെന്ന് അറിയിച്ചു.
ഇതോടെ തിരുവെങ്കിടം നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനും യാത്രാ ക്ലേശത്തിനും പരിഹാരമായി തിരുവെങ്കിടം അടിപ്പാത യാഥാര്‍ത്ഥ്യമാകുകയാണെന്ന് എം.എല്‍.എ അറിയിച്ചു.
