നിർമ്മാണോദ്ഘാടനം മന്ത്രിമാരായ വി എൻ വാസവനും പി എ മുഹമ്മദ് റിയാസും നിർവഹിക്കും
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ അഞ്ചുകോടി രൂപ ചെലവിൽ പിൽഗ്രിം സെൻ്ററും ഒരു കോടി രൂപ ചെലവിൽ ഓപ്പൺ എയർ ഓഡിറ്റോറിയവും ഒരുങ്ങുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദേവസ്വം മന്ത്രി വി എൻ വാസവൻ വെള്ളിയാഴ്ച (ഫെബ്രുവരി 20) രാവിലെ 11 മണിക്ക് നിർവഹിക്കും. പിൽഗ്രിം സെൻ്ററിന്റെ നിർമ്മാണ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായും നിർവഹിക്കും.
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന സ്റ്റേജിനെ കൂടുതൽ സൗകര്യങ്ങളോടെ ഓപ്പൺ എയർ ഓഡിറ്റോറിയമായി നവീകരിക്കുന്ന പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗ്രീൻ റൂം സൗകര്യവും ഇതോടൊപ്പം ഒരുക്കും. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഫണ്ട് ലഭ്യമാകുന്നത്.
എംഎൽഎ എച്ച് സലാം നടത്തിയ ഇടപെടലിനെ തുടർന്ന് ടൂറിസം വകുപ്പ് അഞ്ചുകോടി രൂപ പിൽഗ്രിം സെൻ്ററിനായും അനുവദിച്ചു. 17,300 ചതുരശ്ര അടിയിൽ ഇരു നിലകളിലായി നിർമ്മിക്കുന്ന സെൻ്ററിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ടെൻഡർ ചെയ്തിട്ടുണ്ട്.
താഴത്തെ നിലയിൽ ഒമ്പത് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും, ഒന്നാം നിലയിൽ പതിനൊന്ന് ഡീലക്സ് മുറികളും ഒരു സ്യൂട്ട് മുറിയും ഉണ്ടായിരിക്കും. രണ്ടാം നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഡോർമിറ്ററികൾ, സ്റ്റോറേജ് സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയും ഒരുക്കും. വാഹന പാർക്കിംഗിനും സൗകര്യവും ഉണ്ടായിരിക്കും.
ദൂരദേശങ്ങളിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർക്കു മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പിൽഗ്രിം സെൻ്റർ നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 40 വർഷം പഴക്കമുണ്ടായിരുന്നതും കാലപ്പഴക്കത്താൽ താമസയോഗ്യമല്ലാതിരുന്നതുമായ ദേവസ്വം സത്രം ഇതിനായി പൊളിച്ചുനീക്കി. നിലവിൽ ഭക്തർ താമസത്തിനായി സ്വകാര്യ ലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻറ് കോർപ്പറേഷനാണ് (കിഡ്ക്) പദ്ധതിയുടെ നിർമ്മാണ ചുമതല.
