മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ സങ്കീർണ്ണതകളും പ്രായോഗിക വശങ്ങളും ചർച്ച ചെയ്യുന്നതിനായി ഡോക്ടർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ)
നേതൃത്വത്തിൽ ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലാണ് പരിശീലനം നടക്കുന്നത്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രാജാറാം കിഴക്കേകണ്ടി ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യും. അവയവദാന രംഗത്തെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഡോക്ടർമാർക്കായി ഒരുക്കുന്ന പരിശീലനത്തിൽ പ്രമുഖ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
മസ്തിഷ്ക മരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്ന വിഷയത്തിൽ ഡോ. നൗഫൽ ബഷീർ (സീനിയർ കൺസൾട്ടന്റ്, ന്യൂറോ സർജറി, കോഴിക്കോട്ആസ്റ്റർ മിംസ്), മസ്തിഷ്ക മരണം പരിശോധിക്കുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ച് ഡോ. ശ്രുതി എസ്. ജയരാജ് (കൺസൾട്ടന്റ് ക്രിട്ടിക്കൽ കെയർ, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ) ആപ്നിയ പരിശോധനയെക്കുറിച്ച് ഡോ. അജിത് കെ. ഗോപാൽ (ചീഫ് & സീനിയർ കൺസൾട്ടന്റ് ക്രിട്ടിക്കൽ കെയർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ) അവയവദാനത്തിനായി ദാതാവിനെ സജ്ജമാക്കലിനെക്കുറിച്ച് ഡോ. എ.എസ് അനൂപ് കുമാർ (ഡയറക്ടർ, ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ – ക്രിട്ടിക്കൽ കെയർ) നിയമവശങ്ങളെക്കുറിച്ച് കെ-സോട്ടോ ലീഗൽ അഡ്വൈസർ അഡ്വ. അജിത് ജോയ്, മെഡിക്കോ ലീഗൽ കേസുകളെക്കുറിച്ച് ഡോ. കെ. പ്രസന്നൻ (പ്രൊഫസർ & ഹെഡ്, ഫോറൻസിക് മെഡിസിൻ, എം.ഇ.എസ് മെഡിക്കൽ കോളേജ്) എന്നിവരും ക്ലാസെടുക്കും.
കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ്, നോർത്ത് സോൺ നോഡൽ ഓഫീസർ ഡോ.വി.പി അനീബ് രാജ്, കെ-സോട്ടോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു, ജോയിന്റ് ഡയറക്ടർ ഡോ.ബേസിൽ സാജു എന്നിവരും സംസാരിക്കും.മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അവയവദാന പ്രക്രിയയിൽ ഡോക്ടർമാരുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ പരിശീലനം ലക്ഷ്യമിടുന്നത്.
