നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ നടക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റില്‍ വര്ണ്ണവൈവിധ്യങ്ങളുമായി ഓര്‍ക്കിഡ് ശേഖരം ശ്രദ്ധേയമാകുന്നു. എണ്ണായിരത്തോളം വിവിധ ഓര്‍ക്കിഡ് ചെടികളാണ് ഫാമില്‍ പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി ഒരുക്കിയിരിക്കുന്നത്. ഏകദേശം 45-ഓളം വ്യത്യസ്ത ഇനങ്ങളാണ് പുഷ്പമേളയുടെ പ്രധാന ആകര്‍ഷണം.
നൃത്തം ചെയ്യുന്ന രൂപത്തോട് സാമ്യമുള്ള ‘ഡാന്‍സിങ് ഗേള്‍’ ഓര്‍ക്കിഡുകള്‍, മണ്ണില്‍ വളരുന്ന ഗ്രൗണ്ട് ഓര്‍ക്കിഡുകള്‍, മനോഹരമായ പൂക്കളാല്‍ സമ്പന്നമായ ഫെലനോപ്സിസ് എന്നിവ കാണികളുടെ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. മണ്ണില്ലാതെ വായുവില്‍ നിന്ന് ഈര്‍പ്പവും പോഷണവും വലിച്ചെടുത്ത് വളരുന്ന അപൂര്‍വ ഇനം എയര്‍ പ്ലാന്റുകളും, താഴേക്ക് തൂങ്ങിക്കിടക്കുന്ന സ്പാനിഷ് മോസും മേളയിലെ കൗതുകകരമായ കാഴ്ചകളാണ്.
ഓര്‍ക്കിഡുകള്‍ക്ക് പുറമെ സസ്യപ്രേമികളെ ആകര്‍ഷിക്കുന്ന വിപുലമായ അലങ്കാരച്ചെടികളും ഇവിടെയുണ്ട്. ബ്രിട്ടീഷ് ഐവി, ആഫ്രിക്കന്‍ വയലറ്റ്, ഹവ്വാത്തിയ, ഡിസ്റ്റീഡിയ, നക്ഷത്ര പ്ലാന്റ്, പെന്‍സില്‍ പ്ലാന്റ്, ബ്രൗണ്‍ ലീഫ് എന്നിവ ഇതില്‍ ചിലതാണ്. വീടിനുള്ളില്‍ വെക്കാന്‍ അനുയോജ്യമായ ടേബിള്‍ പ്ലാന്റുകള്‍, വൈവിധ്യമാര്‍ന്ന ക്യാറ്റസുകള്, ഡിസംബര്‍ മാസത്തില്‍ മാത്രം പൂവിടുന്ന ഡിസംബര്‍ ക്യാറ്റസ്, ജിന്‍ജര്‍ പ്ലാന്റ്, സെന്ഡ്രോസിയം തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ മേളയിലുണ്ട്.
സ്ട്രോബെറി മുതല്‍ മില്‍ക്ക് ഫ്രൂട്ട് വരെ; നെല്ലിയാമ്പതിയില്‍ കാര്‍ഷിക വിസ്മയം
പ്രകൃതിഭംഗിയും കാര്‍ഷിക വൈവിധ്യവും ഒത്തുചേരുന്ന നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ‘നാച്ചുറ 26’ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് സന്ദര്‍ശകരുടെ പ്രിയം നേടുന്നു. മേളയിലെ പ്രധാന ആകര്‍ഷണമായ സ്ട്രോബെറി തോട്ടങ്ങള്‍ കാണുന്നതിനൊപ്പം, ഫാമില്‍ നിന്ന് നേരിട്ട് വിളവെടുത്ത ഫ്രഷ് സ്ട്രോബെറികള്‍ വാങ്ങാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തോളം വൈവിധ്യമാര്‍ന്ന ചെടികളാണ് ഫാമില്‍ പ്രദര്‍ശനത്തിനായും വില്പനയ്ക്കുമായും ഒരുക്കിയിരിക്കുന്നത്.
കാര്‍ഷിക പ്രദര്‍ശനത്തിനപ്പുറം വിദേശ പഴവര്‍ഗങ്ങളുടെ വന്‍ ശേഖരമാണ് ഫാമിലെ മറ്റൊരു സവിശേഷത. മില്‍ക്ക് ഫ്രൂട്ട്, മാംഗോസ്റ്റിന്, ലിച്ചി, റംബൂട്ടാന് തുടങ്ങിയ വിദേശ ഇനങ്ങള്‍ക്കൊപ്പം തായ്ലന്ഡ് ഇനത്തില്‍പ്പെട്ട പ്ലാവുകളും സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു. വിനോദസഞ്ചാരവും കൃഷിയും സമന്വയിപ്പിക്കുന്ന ഈ മേള വരും ദിവസങ്ങളിലും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
