തരൂര്‍ മണ്ഡലത്തിലെ പ്രധാന ഗതാഗത പ്രശ്നത്തിന് പരിഹാരമായി കുരുത്തിക്കോട് പാലം അവസാനഘട്ട നിര്‍മ്മാണത്തില്‍. നിലവില്‍ പാലത്തിന്റെ ടാറിങ് ജോലികളാണ് നടക്കുന്നത്. ഫെബ്രുവരി 20-ഓടെ പണികള്‍ പൂര്‍ത്തിയാക്കി പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
പുതുക്കോട്, കാവശ്ശേരി, തരൂര്‍ ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകും. 2022-23 ബജറ്റില്‍ ഒമ്പത് കോടി രൂപ അനുവദിച്ചാണ് പദ്ധതി ആരംഭിച്ചത്. ശാസ്ത്രീയമായ പ്രീ-സ്ട്രെസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 108 മീറ്റര്‍ നീളമുള്ള പാലം നിര്‍മ്മിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കായി ഏഴര മീറ്റര്‍ വീതിയുള്ള റോഡും കാല്‍നടയാത്രക്കാര്‍ക്കായി ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയും പാലത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
സുരക്ഷയ്ക്കായി പാലത്തിന്റെ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, രാത്രികാലങ്ങളില്‍ തെളിയുന്ന സ്റ്റഡുകള്‍ എന്നിവയും സ്ഥാപിക്കുന്നുണ്ട്. 100 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡിന്റെ പണികളും ഇതോടൊപ്പം പൂര്‍ത്തിയാകും. ഇതോടെ കഴനി – പഴമ്പാലക്കോട്, വഴക്കോട് – ആലത്തൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും.
കുരുത്തിക്കോട് പാലം ഉടന്‍ തുറക്കും; ടാറിങ് പുരോഗമിക്കുന്നു
