തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ടി എൻ പ്രതാപൻ മത്സരിക്കും.
തളിക്കുളം ഗവ. സ്കൂളിലും നാട്ടിക എസ്.എൻ കോളേജിലും കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന പ്രതാപൻ പിന്നീട് കെഎസ്യു ചാവക്കാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായും സംസ്ഥാന, ദേശീയ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.
കോൺഗ്രസ് സംഘടനാ രംഗത്തും വിവിധ ചുമതലകൾ വഹിച്ചു. ബൂത്ത്, വാർഡ് പ്രസിഡന്റായി തുടക്കം കുറിച്ച അദ്ദേഹം തളിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി മെമ്പർ, ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ, ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു. പിന്നീട് കെ.പി.സി.സി മെമ്പർ, എക്സിക്യൂട്ടീവ് മെമ്പർ, സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം നിലവിൽ എ.ഐ.സി.സി സെക്രട്ടറിയാണ്.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രഥമ ദേശീയ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011 മുതൽ 2016 വരെ കേരള നിയമസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ചീഫ് വിപ്പായും പ്രവർത്തിച്ചു.
ഭരണരംഗത്തും പ്രതാപൻ സജീവമായിരുന്നു. തളിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പറും പ്രതിപക്ഷ നേതാവുമായിരുന്ന അദ്ദേഹം 2001 മുതൽ 2011 വരെ പഴയ നാട്ടിക മണ്ഡലത്തിൽ നിന്നും എം.എൽ.എയായും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നും എം.എൽ.എയായും തെരഞ്ഞെടുക്കപ്പെട്ടു. 2019 മുതൽ 2024 വരെ തൃശൂർ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.പി ആയിരുന്നു.
നിയമസഭയിലും പാർലമെന്റിലും വിവിധ സമിതികളിൽ അംഗമായും ചെയർമാനായും പ്രവർത്തിച്ചിട്ടുള്ള പ്രതാപൻ വിദ്യാഭ്യാസം, ശിശു-വനിതാ ക്ഷേമം, കായികം, യുവജനകാര്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയിലും ഫിഷറീസ്, ക്ഷീരവികസനം എന്നിവയുമായി ബന്ധപ്പെട്ട കൺസൾട്ടേറ്റീവ് കമ്മിറ്റികളിലും അംഗമായിരുന്നു.
സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളിലും സജീവ സാന്നിധ്യമായ പ്രതാപൻ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.
ദീർഘകാല രാഷ്ട്രീയ-സാമൂഹിക പ്രവർത്തനപരിചയത്തോടെയാണ് ടി എൻ പ്രതാപൻ മണലൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്.
