തൃശൂര്‍: ഫോഗ് ലാമ്പുകളുടെ അനാവശ്യഉപയോഗം തടയുന്നതിന് നഗരത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന. തീവ്രത കൂടിയ ഹെഡ് ലൈറ്റ്, ഫോഗ് ലാമ്പ്, കളര്‍ ബള്‍ബുകള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനും തൃശൂര്‍ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് എം.വി.ഐ പി.വി ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ 2 ടിപ്പര്‍, 4 ടൂറിസ്റ്റ് ബസ്, 15 കാര്‍, 10 ഓട്ടോറിക്ഷ, 12 ബൈക്ക് എന്നിവയടക്കം 73 കേസുകളില്‍നിന്നായി 3.28 ലക്ഷം രൂപ പിഴ ഈടാക്കി.
പരിശോധനയില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ ആര്.സുജിത്ത് , സി.എസ് അമല്‍ എന്നിവരും പങ്കെടുത്തു.
രാത്രി ഡ്രൈവിങ്ങില്‍ ഹെഡ് ലൈറ്റ് ഹൈ ബീം ഉപയോഗിക്കുന്നതും ഫോഗ്ഗില്ലാത്ത ഇടങ്ങളില്‍ ഫോഗ് ലാമ്പ് ഉപയോഗിക്കുന്നതും മറ്റു വാഹന ഡ്രൈവര്‍മാര്‍ക്ക് കാഴ്ച തടസപ്പെടുത്തുമെന്നും അപകടങ്ങള്‍ക്കിടയാക്കുമെന്നും ഇക്കാര്യത്തില്‍ വാഹന ഉടമകളും ഡ്രൈവര്‍മാരും ശ്രദ്ധ കാണിക്കണമെന്നും എം.വി.ഐ പറഞ്ഞു.
