തിരുവനന്തപുരം ∙ മുതിർന്ന റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും കേരള സർക്കാരിന്റെ ‘കേരളപ്രഭ’ പുരസ്കാര ജേതാവുമായ ടി.മാധവ മേനോൻ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗർ ബിഎൻ 333 ‘സായികൃപ’യിൽ ആയിരുന്നു അന്ത്യം. സംസ്കാരം വെളളിയാഴ്ച(13–02–2026) ഉച്ചയ്ക്ക് ഒരു മണിക്ക് കഴക്കൂട്ടം ശാന്തിതീരം സെമിത്തേരിയിൽ.
1954 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പൊതു ഭരണം, ഗോത്രവർഗ ക്ഷേമം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. പാലക്കാട് ജില്ലാ കലക്ടർ, ന്യൂഡൽഹിയിലെ സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ, ട്രൈബൽ വെൽഫെയർ ഡയറക്ടർ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ, ട്രാവൻകൂർ ടൈറ്റാനിയം എംഡി തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ‘അഹാഡ്സി’ന്റെ ഗവേണിങ് കൗൺസിൽ അംഗമാണ്. വിരമിച്ച ശേഷം നരവംശ ശാസ്ത്ര പഠനങ്ങളിലും ഗോത്രവർഗ ക്ഷേമപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
1973-75 കാലഘട്ടത്തില്‍ വെസ്റ്റഡ് ഫോറസ്റ്റ് കമ്മിറ്റി ചെയര്മാന്, 2001ല്‍ ആദിവാസി മാസ്റ്റര്‍ പ്ലാൻ കമ്മിറ്റി ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ‘എൻസൈക്ലോപീഡിയ ഓഫ് ദ്രവീഡിയൻ ട്രൈബ്സ്’ ചീഫ് എഡിറ്ററായിരുന്നു. ‘ട്രൈബൽ ഡവലപ്മെന്റ് ഇൻ ഇന്ത്യ: ഫ്രം ഡെസ്പയർ ടു ഹോപ്’ തുടങ്ങി ഗോത്രവർഗ മേഖലയിലെയും ഹാൻഡ് ബുക്ക് ഓഫ് കേരള, മദർ ഗോഡസസ് വർഷിപ്പ് ഇൻ കേരള ആൻഡ് ബംഗാൾ തുടങ്ങി നരവംശമേഖലയിലെയും ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവാണ്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, ഗോത്ര പൈതൃകത്തിലേക്ക് വിരൽചൂണ്ടുന്ന ‘കേരളോൽപ്പത്തി’, ‘കേരള പഴമ’ തുടങ്ങിയ ഗ്രന്ഥങ്ങൾ ദ് ഇന്റർനാഷനൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വസിറ്റിനായി മൊഴിമാറ്റം നടത്തി. ‘പീപ്പിള്‍ ഓഫ് ഇന്ത്യ: കേരള സീരീസ്’ പ്രോജക്ടിന്റെ ഭാഗമായും ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഫ് ദ്രവിഡീയന്‍ ലിംഗ്വിസ്റ്റിക്സില്‍ സീനിയര്‍ ഫെലോ ആയും പ്രവര്‍ത്തിച്ചു. ഭാര്യ: മണി. മക്കൾ: മഹേഷ്(ബെംഗളൂരു), മായ (മാധ്യമ പ്രവർത്തക). മരുമക്കൾ: ശ്രീജിത്ത് ശ്രീധരൻ, പരേതയായ ദീപ്തി. ചെറുമകൻ: ഓംകാർ.
