സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കുമായി സർക്കാർ നടപ്പാക്കുന്ന അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതിയ്ക്കുള്ള പേര് വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് സർക്കാർ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരമുള്ള ഈ പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയൊരു കരുതലാകുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ വൈകാതെ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതാണ്.
അങ്ങേയറ്റം ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ ഏവരെയും സർക്കാർ ക്ഷണിക്കുകയാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സാധിക്കും. പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്ന അർത്ഥവത്തായ ഒരു പേര് നിർദേശിക്കുന്നവരിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയും അവർക്ക് ആകർഷകമായ സമ്മാനം നൽകുകയും ചെയ്യും.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
