നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായതായി ആരോപിച്ച് തെറ്റായ വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചു വരുകയാണ്. പ്രസവസമയത്ത് ഉണ്ടാകാവുന്ന സ്വാഭാവികമായ ചില സങ്കീർണ്ണതകളാണ് നിർഭാഗ്യവശാൽ ഈ കേസിൽ സംഭവിച്ചിരിക്കുന്നത്.
ഏകദേശം 1500-ഓളം പ്രസവങ്ങളും 600-ഓളം ലാപറോസ്കോപിക് സ്റ്റെറിലൈസേഷനുകളും വിജയകരമായി നടത്തിയ വളരെ സീനിയർ ആയ ഡോക്ടറാണ് ഈ പ്രസവം കൈകാര്യം ചെയ്തത്. തന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും കൂടാതെ രോഗിയുടെ അവസ്ഥ കൃത്യമായി വിലയിരുത്തി ആവശ്യമായ ചികിത്സ നൽകുകയും, തുടർസങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
പ്രസവത്തിനു ശേഷം രോഗി സുഖമായി ആശുപത്രി വിട്ടിരുന്നു. തുടർന്ന് ഏകദേശം 20 ദിവസം കഴിഞ്ഞാണ് സങ്കീർണ്ണതകളോടെ വീണ്ടും ആശുപത്രിയിൽ എത്തിയത്. അതിന് ശേഷമാണ് ചികിത്സാപിഴവ് ആരോപിച്ച് പരാതി ഉയർന്നത്.
ലോകമെമ്പാടും ഉള്ള കണക്കുകൾ പ്രകാരം ആയിരത്തിൽ രണ്ടു മുതൽ നാല് വരെ പ്രസവങ്ങൾ RVF (Recto Vaginal Fistula) എന്ന സങ്കീർണ്ണതയ്ക്ക് വിധേയമാകാകാൻ സാധ്യതയുള്ളതാണ്. ഈ വിഷയത്തിൽ നിലവിൽ കൃത്യമായ അന്വേഷണങ്ങൾ പുരോഗമിച്ചു വരികയാണ്.
രോഗീബാഹുല്യവും പരിമിതമായ മാനവവിഭവശേഷിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും മികച്ച ചികിത്സ നൽകി വരുന്ന ആരോഗ്യപ്രവർത്തകരെയും പൊതുജനാരോഗ്യ സംവിധാനത്തെയും അപകീർത്തിപ്പെടുത്താനും അവരുടെ മനോവീര്യം തകർക്കാനും മാത്രമേ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സഹായിക്കൂ. രോഗസങ്കീർണ്ണതകൾക്ക് ഡോക്ടർമാരെ ബലിയാടാക്കുന്നതും വിചാരണ ചെയ്യുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല.
ഈ വിഷയത്തിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് കെ.ജി.എം.ഒ.എ തിരുവനന്തപുരം ഘടകം ശക്തമായി ആവശ്യപ്പെടുന്നു.
