സ്ത്രീശക്തി, മാധ്യമ, ജാഗ്രതാസമിതി പുരസ്കാരങ്ങൾ ഫെബ്രുവരി 18 ന് വിതരണം ചെയ്യും
ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു. . സത്യൻ സ്മാരക ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഇത്തരം നടപടികൾ സ്ത്രീസമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങൾക്ക് മുന്നോടിയായി കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി 18 (ബുധനാഴ്ച) വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ രാവിലെ 11 ന് വനിതാ ശിശുവികസന ,ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതൾക്കുള്ള സ്ത്രീശക്തി പുരസ്കാരം , മാധ്യമ അവാർഡ് ജേതാക്കൾ , ജാഗ്രതാസമിതികൾക്കുള്ള പുരസ്കാരം വേദിയിൽ മന്ത്രി വിതരണം ചെയ്യും. ഡോ ശശി തരൂർ എം പി , വി കെ പ്രശാന്ത് എം എൽ എ ,മേയർ വി വി രാജേഷ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി,അഡ്വ. പി കുഞ്ഞായിഷ ,വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ് , സ്പെഷ്യൽ സെക്രട്ടറി ഡോ അദീല അബ്ദുള്ള, ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുക്കും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ആകെ 300 പരാതികൾ പരിഗണിച്ചു. ഇതിൽ 69 എണ്ണം പരിഹരിച്ചു. 17 എണ്ണത്തിൽ റിപ്പോർട്ട് തേടി. 5 പരാതികൾ കൗൺസിലിങിന് വിട്ടു. ശേഷിക്കുന്ന 209 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ , അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി , വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ , ഡയറക്ടർ ഷാജി സുഗുണൻ, സി ഐ ജോസ് കുര്യൻ , കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
