കേരളത്തിലെ ആരോഗ്യരംഗത്ത് അടുത്തകാലത്തായി ഉണ്ടായിവരുന്ന ആശുപത്രി ആക്രമണങ്ങളെ തടയുന്നതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) സംസ്ഥാന ഘടകത്തിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് മേധാവിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേരള പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ ഐപിഎസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യരംഗത്തും നിയമസംരക്ഷണ രംഗത്തും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
യോഗത്തിൽ എഡിജിപിമാരായ പി. വിജയൻ, വെങ്കിടേഷ്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് എന്നിവരോടൊപ്പം സംസ്ഥാനത്തെ എല്ലാ സിറ്റി പോലീസ് കമ്മീഷണർമാരും ജില്ലാ പോലീസ് മേധാവികളും പങ്കെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘത്തെ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോൻ നയിച്ചു. ഐഎംഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. എ. മാർത്താണ്ഡപിള്ള, ദേശീയ വൈസ് പ്രസിഡന്റ് ഡോ. രമേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആർ. സി. ശ്രീകുമാർ, I M A തിരുവനന്തപുരം മുൻ പ്രസിഡന്റ് ഡോ. ജോൺ പണിക്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത ആശുപത്രി ആക്രമണങ്ങളുടെ കണക്കുകളും നിലവിലെ നിയമനടപടികളുടെ പുരോഗതിയും അവതരിപ്പിച്ചുകൊണ്ടാണ് കേരള പോലീസ് മേധാവി യോഗം ആരംഭിച്ചത്. വിവിധ കേസുകളുടെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അഡീഷണൽ ഡിജിപി ശ്രീ വെങ്കിടേഷും, ആക്രമണങ്ങളുടെ സ്വഭാവവും വെല്ലുവിളികളും സംബന്ധിച്ച് എഡിജിപി ശ്രീ പി. വിജയനും വിശദീകരണം നൽകി. ആശുപത്രി ആക്രമണങ്ങൾ ചികിത്സാരംഗത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഐഎംഎയുടെ നിർദ്ദേശങ്ങളും സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോൻ വിശദമായി അവതരിപ്പിച്ചു. ഐഎംഎ തയ്യാറാക്കിയ പ്രസന്റേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആർ. സി. ശ്രീകുമാർ അവതരിപ്പിച്ചു.
വിശദമായ ചർച്ചകൾക്ക് ശേഷം, ആശുപത്രി ആക്രമണങ്ങൾ ഫലപ്രദമായി തടയുന്നതിനും ആരോഗ്യസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി താഴെപ്പറയുന്ന നിർണായക തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളുകയും, അവ കൃത്യമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു:
- • കേരള പോലീസും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും തമ്മിൽ കൂടുതൽ ശക്തമായ സഹകരണം ഉറപ്പാക്കി ആശുപത്രികൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
- • എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥനോ ആശുപത്രി ആക്രമണ കേസുകൾ നേരിട്ട് നിരീക്ഷിക്കുകയും സമയബന്ധിത നടപടി സ്വീകരിക്കുകയും ചെയ്യും.
- • ഐഎംഎ ചുമതലപ്പെടുത്തുന്ന ജില്ലാ നേതാവുമായി ബന്ധപ്പെട്ട് ആശുപത്രി ആക്രമണങ്ങൾ തടയുന്നതിനും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുന്നതിനും ഏകോപനം നടത്തും.
- • എല്ലാ ആശുപത്രി ആക്രമണ കേസുകളിലും 2023ലെ ആശുപത്രി സംരക്ഷണ നിയമവും ഭാരതീയ ന്യായസംഹിതയിലെ അനുയോജ്യമായ വകുപ്പുകളും ഉൾപ്പെടുത്തി എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യും.
- • കുറ്റവാളികളെ തിരിച്ചറിഞ്ഞാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകി.
- • ഏതെങ്കിലും കേസിൽ ബന്ധപ്പെട്ട നിയമവകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അത് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഐഎംഎയോട് പോലീസ് മേധാവി അഭ്യർത്ഥിച്ചു.
- • പ്രത്യേകിച്ച് സർക്കാർ ആശുപത്രികളിലെ സുരക്ഷിത മേഖലകളിൽ കാര്യക്ഷമതയുള്ള സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന് പോലീസ് മേധാവി നിർദേശിച്ചു.
- • ആശുപത്രി അധികൃതരും ഐഎംഎയും ചേർന്ന് അപകടസാധ്യതയുള്ള സമയങ്ങളും സ്ഥലങ്ങളും തിരിച്ചറിഞ്ഞ് കൃത്യമായി പോലീസിനെ അറിയിക്കണം.
- • ഡോക്ടർമാരും ആശുപത്രി ജീവനക്കാരും രോഗികളോടും അവരുടെ ആശ്രിതരോടും ചികിത്സാ കാര്യങ്ങൾ കൂടുതൽ വ്യക്തമായി അറിയിക്കേണ്ടതിന്റെ ആവശ്യകതയും പോലീസ് മേധാവി ഓർമ്മിപ്പിച്ചു.
- • പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന പ്രതികളിൽ അക്രമസ്വഭാവം കാണിക്കുന്നവർ ഉണ്ടെങ്കിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകളും കൈവിലങ്ങ് ഉപയോഗവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ആശുപത്രി ആക്രമണങ്ങൾ തടയുന്നതിനും ആരോഗ്യസ്ഥാപനങ്ങളിൽ സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഇത്തരത്തിലുള്ള ശക്തമായ നടപടികൾ സ്വീകരിച്ചതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോൻ കേരള പോലീസ് മേധാവി റവാഡാ ചന്ദ്രശേഖരനോടും അദ്ദേഹത്തിന്റെ സംഘത്തോടും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
