തിരുവനന്തപുരം: സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന വമ്പിച്ച വികസന സാദ്ധ്യതകൾ കേരളത്തിന്റെ ഭാവിക്ക് വേണ്ടി ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ. സി. അച്യുതമേനോൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സി. അച്യുതമേനോൻ സെന്ററിൽ സംഘടിപ്പിച്ച “കേരളത്തിന്റെ വികസനം: അടുത്ത ഘട്ടം” എന്ന വിഷയത്തിലുള്ള റൗണ്ട് ടേബിൾ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന ചരിത്രത്തിൽ ദീർഘവീക്ഷണത്തോടെയുള്ള ഭരണാധികാരത്തിന്റെ അടയാളപ്പെടുത്തലായിരുന്നു സി. അച്യുതമേനോൻ എന്ന്
അദ്ദേഹം അനുസ്മരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറിയും ഫൗണ്ടേഷൻ പ്രസിഡന്റുമായ ബിനോയ് വിശ്വം ചടങ്ങിൽ വിഷയാവതരണം നടത്തി. കേരളത്തിന്റെ വികസന കാര്യത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായ കാഴ്ചപ്പാടുള്ള ഭരണാധികാരിയായിരുന്നു അച്യുതമേനോൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കുക എന്ന പേരിൽ ഇറങ്ങിയ 1957 ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ മുഖ്യ ശില്പിയായിരുന്നു അദ്ദേഹം. ആ വികസന കാഴ്ചപ്പാട് തന്നെയാണ് പിന്നീട് വന്ന എല്ലാ ഇടതുപക്ഷ സർക്കാരുകളും പിന്തുടരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ ചർച്ചയുടെ മോഡറേറ്ററായി. കേരളത്തിന്റെ ഭാവി വികസനത്തിനുള്ള സമഗ്രമായ രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, ശാസ്ത്ര-സാങ്കേതികവിദ്യ, ലിംഗനീതി, ഗവേഷണം, കാലാവസ്ഥാ മാറ്റം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, കുടിയേറ്റം, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ തുടങ്ങി പ്രധാന മേഖലകളെ കേന്ദ്രീകരിച്ചുള്ള വികസന നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.
അക്കാദമിക, ഭരണതല, സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു. സി. അച്യുതമേനോൻ തുടങ്ങിവെച്ച വികസന സമീപനങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഗൗരവകരമായ നിർദ്ദേശങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു.
